ترجمة سورة غافر

Muhammad Karakunnu and Vanidas Elayavoor - Malayalam translation

ترجمة معاني سورة غافر باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation.

ഗാഫിര്


ഹാ - മീം.

ഈ വേദപുസ്തകത്തിന്റെ അവതരണം പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവില്‍ നിന്നാണ്.

അവന്‍ പാപം പൊറുക്കുന്നവനാണ്. പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്. അതിരുകളില്ലാത്ത കഴിവുകളുള്ളവനും. അവനല്ലാതെ ദൈവമില്ല. അവങ്കലേക്കാണ് എല്ലാറ്റിന്റെയും മടക്കം.

സത്യത്തെ തള്ളിപ്പറഞ്ഞവരല്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുകയില്ല. അതിനാല്‍ നാട്ടിലെങ്ങുമുള്ള അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.

ഇവര്‍ക്കു മുമ്പ് നൂഹിന്റെ ജനതയും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അവര്‍ക്കു പിറകെ വന്ന പല ജനപദങ്ങളും അതുതന്നെ ചെയ്തു. ഓരോ ജനപദവും തങ്ങളുടെ ദൈവദൂതനെ പിടികൂടാന്‍ ഒരുമ്പെട്ടു. അസത്യമുപയോഗിച്ച് സത്യത്തെ തകര്‍ക്കാന്‍ അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നു. അതിനാല്‍ ഞാനവരെ പിടികൂടി. അപ്പോള്‍ എന്റെ ശിക്ഷ എത്രമാത്രം കഠിനമായിരുന്നു!

അങ്ങനെ സത്യനിഷേധികള്‍ നരകാവകാശികളാണെന്ന നിന്റെ നാഥന്റെ വചനം സ്ഥാപിതമായി.

സിംഹാസനം വഹിക്കുന്നവരും അതിനു ചുറ്റുമുള്ളവരും തങ്ങളുടെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധി വാഴ്ത്തുന്നു. അവനില്‍ അടിയുറച്ചു വിശ്വസിക്കുന്നു. വിശ്വാസികളുടെ പാപമോചനത്തിനായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: "ഞങ്ങളുടെ നാഥാ, നിന്റെ അനുഗ്രഹവും അറിവും സകല വസ്തുക്കളെയും വലയം ചെയ്തു നില്‍ക്കുന്നവയാണല്ലോ. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ പാത പിന്തുടരുകയും ചെയ്തവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നരകശിക്ഷയില്‍നിന്ന് രക്ഷിക്കേണമേ.

"ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ വാഗ്ദാനം ചെയ്ത നിത്യവാസത്തിനുള്ള സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കേണമേ. അവരുടെ മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍ എന്നിവരിലെ സച്ചരിതരെയും. നിശ്ചയം നീയാണ് പ്രതാപിയും യുക്തിമാനും.

"അവരെ നീ തിന്മകളില്‍നിന്ന് അകറ്റിനിര്‍ത്തേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നീ ആരെ തിന്മയില്‍ നിന്ന് കാക്കുന്നുവോ, അവനോട് നീ തീര്‍ച്ചയായും കരുണ കാണിച്ചിരിക്കുന്നു. അതിമഹത്തായ വിജയവും അതുതന്നെ."

സത്യത്തെ തള്ളിപ്പറഞ്ഞവരോട് അന്ന് വിളിച്ചുപറയും: "ഇന്ന് നിങ്ങള്‍ക്ക് നിങ്ങളോടുതന്നെ കഠിനമായ വെറുപ്പുണ്ട്. എന്നാല്‍ നിങ്ങളെ സത്യവിശ്വാസത്തിലേക്ക് വിളിക്കുകയും നിങ്ങളതിനെ തള്ളിക്കളയുകയും ചെയ്തപ്പോഴുള്ള അല്ലാഹുവിന്റെ വെറുപ്പ് ഇതിനെക്കാള്‍ എത്രയോ രൂക്ഷമായിരുന്നു."

അവര്‍ പറയും: "ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ രണ്ടുതവണ മരിപ്പിച്ചു. രണ്ടു തവണ ജീവിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറയുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ഇവിടെനിന്ന് പുറത്തുകടക്കാന്‍ വല്ല വഴിയുമുണ്ടോ?"

ഈ അവസ്ഥക്കു കാരണമിതാണ്. ഏകനായ അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളത് നിരാകരിച്ചു. അവനില്‍ മറ്റുള്ളവരെ പങ്കുചേര്‍ത്തപ്പോള്‍ നിങ്ങളത് വിശ്വസിക്കുകയും ചെയ്തു. എന്നാലിന്ന് വിധിത്തീര്‍പ്പ് മഹാനും അത്യുന്നതനുമായ ദൈവത്തിന്റേതാണ്.

അവനാണ് നിങ്ങള്‍ക്ക് തന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതന്നത്. ആകാശത്തു നിന്ന് അവന്‍ നിങ്ങള്‍ക്ക് അന്നം ഇറക്കിത്തരുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നവന്‍ മാത്രമാണ് ചിന്തിച്ചു മനസ്സിലാക്കുന്നത്.

അതിനാല്‍ കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കി അവനോട് പ്രാര്‍ഥിക്കുക. സത്യനിഷേധികള്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും!

അവന്‍ ഉന്നത പദവികളുടെ ഉടമയാണ്. സിംഹാസനത്തിനധിപനും. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് തന്റെ സന്ദേശത്തിന്റെ ചൈതന്യം അവന്‍ നല്‍കുന്നു. കൂടിക്കാഴ്ചയുടെ നാളിനെപ്പറ്റി മുന്നറിയിപ്പ് നല്‍കാനാണിത്.

എല്ലാവരും പുറത്തുവരുന്ന ദിനമാണ് അതുണ്ടാവുക. അന്ന് അവരുടെ ഒരു കാര്യവും അല്ലാഹുവില്‍ നിന്നൊളിഞ്ഞിരിക്കുകയില്ല. ആര്‍ക്കാണ് അന്ന് ആധിപത്യം? ഏകനും എല്ലാറ്റിനെയും അടക്കിഭരിക്കുന്നവനുമായ അല്ലാഹുവിനു മാത്രം.

അന്ന് ഓരോ വ്യക്തിക്കും അവന്‍ സമ്പാദിച്ചതിന്റെ പ്രതിഫലം നല്‍കും. അന്ന് ഒരനീതിയുമുണ്ടാവില്ല. അല്ലാഹു വളരെവേഗം വിചാരണ ചെയ്യുന്നവനാണ്.

അടുത്തെത്തിക്കഴിഞ്ഞ ആ നാളിനെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഹൃദയങ്ങള്‍ തൊണ്ടക്കുഴികളിലേക്കുയര്‍ന്നുവരികയും ജനം കൊടിയ ദുഃഖിതരാവുകയും ചെയ്യുന്ന സന്ദര്‍ഭമാണത്. അക്രമികള്‍ക്ക് അന്ന് ആത്മ മിത്രമോ സ്വീകാര്യനായ ശിപാര്‍ശകനോ ഉണ്ടാവുകയില്ല.

കണ്ണുകളുടെ കട്ടുനോട്ടവും മനസ്സുകള്‍ മറച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു.

അല്ലാഹു സത്യനിഷ്ഠമായ വിധി ത്തീര്‍പ്പുണ്ടാക്കുന്നു. അവനെയല്ലാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരുംതന്നെ ഒന്നിലും ഒരു തീര്‍പ്പും കല്‍പിക്കുന്നില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

ഇക്കൂട്ടര്‍ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് കണ്ട് മനസ്സിലാക്കിയിട്ടില്ലേ? അവര്‍ കരുത്ത് കൊണ്ടും ഭൂമിയില്‍ ബാക്കിവെച്ച പ്രൌഢമായ പാരമ്പര്യംകൊണ്ടും ഇവരെക്കാളേറെ പ്രബലന്മാരായിരുന്നു. അങ്ങനെ അവരുടെ തെറ്റുകുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

അതിനു കാരണമിതാണ്. അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തെത്താറുണ്ടായിരുന്നു. അപ്പോഴെല്ലാം അവര്‍ ആ ദൂതന്മാരെ തള്ളിപ്പറഞ്ഞു. അതിനാല്‍ അല്ലാഹു അവരെ പിടികൂടി. നിശ്ചയം അല്ലാഹു അതിശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും.

മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി നാം അയക്കുകയുണ്ടായി.

ഫറവോന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുത്തേക്ക്. അപ്പോള്‍ അവര്‍ പറഞ്ഞു: "ഇവന്‍ കള്ളവാദിയായ ജാലവിദ്യക്കാരനാണ്."

അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യവുമായി അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍കുട്ടികളെ നിങ്ങള്‍ കൊന്നുകളയുക. പെണ്‍കുട്ടികളെ ജീവിക്കാന്‍ വിടുക." എന്നാല്‍ സത്യനിഷേധികളുടെ തന്ത്രം പിഴച്ചുപോയി.

ഫറവോന്‍ പറഞ്ഞു: "എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്റെ നാഥനോട് പ്രാര്‍ഥിച്ചുകൊള്ളട്ടെ. അവന്‍ നിങ്ങളുടെ ജീവിതക്രമം മാറ്റിമറിക്കുകയോ നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു."

മൂസ പറഞ്ഞു: "വിചാരണ നാളില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍നിന്നും എന്റെയും നിങ്ങളുടെയും നാഥനില്‍ ഞാന്‍ ശരണം തേടുന്നു."

സത്യവിശ്വാസിയായ ഒരാള്‍ പറഞ്ഞു -അയാള്‍ ഫറവോന്റെ വംശത്തില്‍പെട്ട വിശ്വാസം ഒളിപ്പിച്ചുവെച്ച ഒരാളായിരുന്നു: "എന്റെ നാഥന്‍ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടും! അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ ആ കളവിന്റെ ദോഷഫലം അദ്ദേഹത്തിനു തന്നെയാണ്. മറിച്ച് സത്യവാനാണെങ്കിലോ, അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്ന ശിക്ഷകളില്‍ ചിലതെങ്കിലും നിങ്ങളെ ബാധിക്കും. തീര്‍ച്ചയായും പരിധി വിടുന്നവരെയും കള്ളം പറയുന്നവരെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

"എന്റെ ജനമേ, ഇന്ന് നിങ്ങള്‍ക്കിവിടെ ആധിപത്യമുണ്ട്. നാട്ടില്‍ ജയിച്ചുനില്‍ക്കുന്നവരും നിങ്ങള്‍ തന്നെ. എന്നാല്‍ ദൈവശിക്ഷ വന്നെത്തിയാല്‍ നമ്മെ സഹായിക്കാന്‍ ആരാണുണ്ടാവുക?" ഫറവോന്‍ പറഞ്ഞു: "എനിക്കു ശരിയായി തോന്നുന്ന കാര്യമാണ് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത്. നേര്‍വഴിയില്‍ തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നത്."

ആ സത്യവിശ്വാസി പറഞ്ഞു: "എന്റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.

"നൂഹിന്റെ ജനതക്കും ആദിനും സമൂദിനും അവര്‍ക്കു ശേഷമുള്ളവര്‍ക്കും ഉണ്ടായതുപോലുള്ള അനുഭവം. അല്ലാഹു തന്റെ ദാസന്മാരോട് അതിക്രമം കാണിക്കാനുദ്ദേശിക്കുന്നില്ല.

"എന്റെ ജനമേ, അന്യോന്യം വിളിച്ച് അലമുറയിടേണ്ടി വരുന്ന ഒരു ദിനം നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.

"നിങ്ങള്‍ രക്ഷക്കായി പിന്തിരിഞ്ഞോടുന്ന ദിനം. അന്ന് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.

"വ്യക്തമായ തെളിവുകളുമായി മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വന്നു. അപ്പോള്‍ അദ്ദേഹം കൊണ്ടുവന്ന സന്ദേശങ്ങളില്‍ നിങ്ങള്‍ സംശയിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞു: “ഇദ്ദേഹത്തിനുശേഷം അല്ലാഹു ഇനിയൊരു ദൂതനെയും അയക്കുകയേ ഇല്ലെ”ന്ന്. ഇവ്വിധം അതിരുവിടുന്നവരെയും സംശയാലുക്കളെയും അല്ലാഹു വഴികേടിലാക്കുന്നു."

അല്ലാഹുവില്‍നിന്ന് വന്നുകിട്ടിയ ഒരുവിധ തെളിവുമില്ലാതെ അവന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരാണവര്‍. ഇക്കാര്യം അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും അടുത്ത് വളരെ വെറുക്കപ്പെട്ടതാണ്. അത്തരം അഹങ്കാരികളും ഗര്‍വിഷ്ഠരുമായ എല്ലാവരുടെയും ഹൃദയങ്ങള്‍ക്ക് അല്ലാഹു ഇവ്വിധം മുദ്രവെക്കുന്നു.

ഫറവോന്‍ പറഞ്ഞു: "ഹാമാന്‍, എനിക്ക് ഒരു ഗോപുരം ഉണ്ടാക്കിത്തരിക. ഞാന്‍ ആ വഴികളിലൊന്ന് എത്തട്ടെ.

"ആകാശത്തിന്റെ വഴികളില്‍. അങ്ങനെ മൂസായുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. നിശ്ചയമായും മൂസ നുണപറയുകയാണെന്നാണ് ഞാന്‍ കരുതുന്നത്." അവ്വിധം ഫറവോന്ന് അവന്റെ ചെയ്തികള്‍ ചേതോഹരമായി തോന്നി. അവന്‍ നേര്‍വഴിയില്‍നിന്ന് തടയപ്പെടുകയും ചെയ്തു. ഫറവോന്റെ തന്ത്രങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു.

ആ വിശ്വാസി പറഞ്ഞു: "എന്റെ ജനമേ, നിങ്ങളെന്നെ പിന്‍പറ്റുക. ഞാന്‍ നിങ്ങളെ വിവേകത്തിന്റെ വഴിയിലൂടെ നയിക്കാം.

"എന്റെ ജനമേ, ഈ ഐഹിക ജീവിതസുഖം താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം."

ആ കാവല്‍ക്കാര്‍ തിന്മ ചെയ്താല്‍ അതിനു തുല്യമായ പ്രതിഫലമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, സത്യവിശ്വാസിയായി സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ക്കവിടെ കണക്കറ്റ ജീവിതവിഭവം ലഭിച്ചുകൊണ്ടിരിക്കും.

"എന്റെ ജനമേ, എന്തൊരവസ്ഥയാണെന്റേത്? ഞാന്‍ നിങ്ങളെ രക്ഷയിലേക്കു ക്ഷണിക്കുന്നു. നിങ്ങളോ എന്നെ നരകത്തിലേക്ക് വിളിക്കുന്നു.

"ഞാന്‍ അല്ലാഹുവെ ധിക്കരിക്കണമെന്നും എനിക്കൊട്ടും അറിഞ്ഞുകൂടാത്തവയെ ഞാനവനില്‍ പങ്കുചേര്‍ക്കണമെന്നുമാണല്ലോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്. ഞാന്‍ നിങ്ങളെ വിളിക്കുന്നതോ പ്രതാപിയും ഏറെ പൊറുക്കുന്നവനുമായ ദൈവത്തിലേക്കും.

"സംശയമില്ല; ഏതൊന്നിലേക്കാണോ നിങ്ങളെന്നെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് അതിന് ഇഹലോകത്ത് ഒരു സന്ദേശവും നല്‍കാനില്ല. പരലോകത്തുമില്ല. നമ്മുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. തീര്‍ച്ചയായും അതിക്രമികള്‍ തന്നെയാണ് നരകാവകാശികള്‍.

"ഇപ്പോള്‍ ഞാന്‍ പറയുന്നത് പിന്നെയൊരിക്കല്‍ നിങ്ങളോര്‍ക്കുക തന്നെ ചെയ്യും. എന്റെ സര്‍വവും ഞാനിതാ അല്ലാഹുവില്‍ സമര്‍പ്പിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവന്റെ ദാസന്മാരെ സദാ കണ്ടുകൊണ്ടിരിക്കുന്നവനാണ്."

അപ്പോള്‍ അവരുണ്ടാക്കിയ കുതന്ത്രങ്ങളുടെ ദുരന്തങ്ങളില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. ഫറവോന്റെ ആള്‍ക്കാര്‍ കടുത്ത ശിക്ഷാവലയത്തിലകപ്പെടുകയും ചെയ്തു.

കത്തിയാളുന്ന നരകത്തീ! രാവിലെയും വൈകുന്നേരവും അവരെ അതിനുമുമ്പില്‍ ഹാജരാക്കും. അന്ത്യസമയം വന്നെത്തുന്ന നാളില്‍ ഇങ്ങനെ ഒരു ഉത്തരവുണ്ടാകും: “ഫറവോന്റെ ആളുകളെ കൊടിയ ശിക്ഷയിലേക്ക് തള്ളിവിടുക.”

നരകത്തില്‍ അവര്‍ അന്യോന്യം കശപിശ കൂടുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. അപ്പോള്‍ ഭൂമിയില്‍ ദുര്‍ബലരായിരുന്നവര്‍ കേമന്മാരായി നടിച്ചിരുന്നവരോടു പറയും: "തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റിക്കഴിയുകയായിരുന്നു. അതിനാല്‍ ഞങ്ങളെ ഈ നരകശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷിക്കാന്‍ നിങ്ങള്‍ക്കാകുമോ?"

കേമത്തം നടിച്ചവര്‍ പറയും: "തീര്‍ച്ചയായും നാമൊക്കെ ഇവിടെ ഈ അവസ്ഥയിലാണ്. അല്ലാഹു തന്റെ ദാസന്മാര്‍ക്കിടയില്‍ വിധി നടപ്പാക്കിക്കഴിഞ്ഞു."

നരകാവകാശികള്‍ അതിന്റെ കാവല്‍ക്കാരോടു പറയും: "നിങ്ങള്‍ നിങ്ങളുടെ നാഥനോടൊന്നു പ്രാര്‍ഥിച്ചാലും. അവന്‍ ഒരു ദിവസത്തെ ശിക്ഷയെങ്കിലും ഞങ്ങള്‍ക്ക് ലഘൂകരിച്ചുതന്നാല്‍ നന്നായേനെ."

ആ കാവല്‍ക്കാര്‍ ചോദിക്കും: "നിങ്ങള്‍ക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ?" അവര്‍ പറയും: "അതെ." അപ്പോള്‍ ആ കാവല്‍ക്കാര്‍ പറയും: "എങ്കില്‍ നിങ്ങള്‍തന്നെ പ്രാര്‍ഥിച്ചുകൊള്ളുക." സത്യനിഷേധികളുടെ പ്രാര്‍ഥന തീര്‍ത്തും നിഷ്ഫലമത്രെ.

തീര്‍ച്ചയായും നമ്മുടെ ദൂതന്മാരെയും സത്യവിശ്വാസികളെയും നാം സഹായിക്കും. ഈ ഐഹിക ജീവിതത്തിലും സാക്ഷികള്‍ രംഗത്തുവരുന്ന അന്ത്യനാളിലും.

അന്ന് അക്രമികള്‍ക്ക് അവരുടെ ഒഴികഴിവുകള്‍ ഒട്ടും ഉപകരിക്കുകയില്ല. അവര്‍ക്കാണ് കൊടും ശാപം. വളരെ ചീത്തയായ പാര്‍പ്പിടമാണ് അവര്‍ക്കുണ്ടാവുക.

മൂസാക്കു നാം നേര്‍വഴി നല്‍കി. ഇസ്രയേല്‍ മക്കളെ നാം വേദപുസ്തകത്തിന്റെ അവകാശികളാക്കി.

അത് വിചാരമതികള്‍ക്ക് വഴികാട്ടിയും ഉത്തമമായ ഉദ്ബോധനവുമായിരുന്നു.

അതിനാല്‍ നീ ക്ഷമിക്കുക. സംശയമില്ല; അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. നിന്റെ പാപങ്ങള്‍ക്ക് മാപ്പിരക്കുക. രാവിലെയും വൈകുന്നേരവും നിന്റെ നാഥനെ വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക.

ഒരു തെളിവുമില്ലാതെ അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോ, ഉറപ്പായും അവരുടെ ഹൃദയങ്ങളില്‍ അഹങ്കാരം മാത്രമേയുള്ളൂ. എന്നാല്‍ അവര്‍ക്കാര്‍ക്കും ഉയരങ്ങളിലെത്താനാവില്ല. അതിനാല്‍ നീ അല്ലാഹുവോട് രക്ഷതേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

ആകാശഭൂമികളുടെ സൃഷ്ടി മനുഷ്യസൃഷ്ടിയെക്കാള്‍ എത്രയോ വലിയ കാര്യമാണ്. പക്ഷേ, അധികമാളുകളും അതറിയുന്നില്ല.

കുരുടനും കാഴ്ചയുള്ളവനും ഒരുപോലെയല്ല. സത്യവിശ്വാസം സ്വീകരിച്ച് സല്‍ക്കര്‍മം പ്രവര്‍ത്തിച്ചവരും ചീത്ത ചെയ്തവരും സമമാവുകയില്ല. നിങ്ങള്‍ വളരെ കുറച്ചേ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ.

ആ അന്ത്യസമയം വന്നെത്തുകതന്നെ ചെയ്യും. അതിലൊട്ടും സംശയം വേണ്ട. എന്നാല്‍ മനുഷ്യരിലേറെ പേരും വിശ്വസിക്കുന്നില്ല.

നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും.

അല്ലാഹുവാണ് നിങ്ങള്‍ക്ക് രാവൊരുക്കിത്തന്നത്, നിങ്ങള്‍ ശാന്തി നേടാന്‍. പകലിനെ പ്രകാശപൂരിതമാക്കിയതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദി കാണിക്കുന്നില്ല.

അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. സകല വസ്തുക്കളുടെയും സ്രഷ്ടാവ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങനെ വഴിതെറ്റിപ്പോകുന്നു?

അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ ഇങ്ങനെത്തന്നെയാണ് വഴിതെറ്റിപ്പോകുന്നത്.

അല്ലാഹു തന്നെയാണ് നിങ്ങള്‍ക്കു ഭൂമിയെ പാര്‍ക്കാന്‍ പറ്റിയതാക്കിയത്. മാനത്തെ മേല്‍പ്പുരയാക്കിയതും അവന്‍ തന്നെ. അവന്‍ നിങ്ങള്‍ക്കു രൂപമേകി. ആ രൂപത്തെ ഏറെ മികവുറ്റതാക്കി. വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ക്ക് അന്നം തന്നു. ആ അല്ലാഹു തന്നെയാണ് നിങ്ങളുടെ നാഥന്‍. പ്രപഞ്ചനാഥനായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.

അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവനല്ലാതെ ദൈവമില്ല. അതിനാല്‍ ആത്മാര്‍ഥതയോടെ അവനു മാത്രം കീഴ്പ്പെടുക. അവനോടു മാത്രം പ്രാര്‍ഥിക്കുക. പ്രപഞ്ചനാഥനായ അല്ലാഹുവിനാണ് സര്‍വസ്തുതിയും.

പറയുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവയെ പൂജിക്കാന്‍ എനിക്കനുവാദമില്ല. എനിക്കെന്റെ നാഥനില്‍ നിന്നു വ്യക്തമായ തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. പ്രപഞ്ചനാഥന്ന് സമസ്തവും സമര്‍പ്പിക്കാനാണ് അവനെന്നോടു കല്‍പിച്ചിരിക്കുന്നത്.

അവനാണ് നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചത്. പിന്നെ ബീജകണത്തില്‍ നിന്ന്. പിന്നീട് ഭ്രൂണത്തില്‍നിന്നും. തുടര്‍ന്ന് ശിശുവായി അവന്‍ നിങ്ങളെ പുറത്തുകൊണ്ടുവരുന്നു. അതിനുശേഷം നിങ്ങള്‍ കരുത്തുനേടാനാണിത്. അവസാനം നിങ്ങള്‍ വൃദ്ധരായിത്തീരാനും. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ മരണമടയുന്നു. നിങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട അവധിയിലെത്താനുമാണിത്. ഒരുവേള നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കിയെങ്കിലോ.

അവനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. അവനൊരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ “ഉണ്ടാവട്ടെ” എന്ന് പറയുകയേ വേണ്ടൂ, അതുണ്ടാവുന്നു.

അല്ലാഹുവിന്റെ വചനങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരെ നീ കണ്ടിട്ടില്ലേ. അവരെങ്ങനെയാണ് വഴിതെറ്റിപ്പോകുന്നതെന്ന്.

വേദപുസ്തകത്തെയും നമ്മുടെ ദൂതന്മാരോടൊപ്പം നാമയച്ച സന്ദേശത്തെയും തള്ളിപ്പറഞ്ഞവരാണവര്‍. ഏറെ വൈകാതെ എല്ലാം അവരറിയും.

അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുമ്പോഴായിരിക്കുമത്.

ചുട്ടുപൊള്ളുന്ന വെള്ളത്തിലൂടെ; പിന്നെയവര്‍ നരകത്തീയില്‍ എരിയും.

പിന്നീട് അവരോടിങ്ങനെ ചോദിക്കും: "നിങ്ങള്‍ പങ്കുചേര്‍ത്തിരുന്നവരെവിടെ?"

"അല്ലാഹുവെക്കൂടാതെ...?" അവര്‍ പറയും: "ആ പങ്കാളികള്‍ ഞങ്ങളെ വിട്ടുപോയിരിക്കുന്നു. അല്ല; ഞങ്ങള്‍ മുമ്പ് ഒന്നിനെയും വിളിച്ചുപ്രാര്‍ഥിച്ചിരുന്നില്ല." ഇങ്ങനെയാണ് അല്ലാഹു സത്യനിഷേധികളെ വഴികേടിലാക്കുന്നത്.

നിങ്ങള്‍ ഭൂമിയില്‍ അനര്‍ഹമായി പൊങ്ങച്ചം കാണിച്ചതിനാലും അഹങ്കരിച്ചതിനാലുമാണിത്.

ഇനി നിങ്ങള്‍ നരക കവാടങ്ങള്‍ കടന്നുകൊള്ളുക. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അഹങ്കാരികളുടെ താവളം വളരെ ചീത്ത തന്നെ.

അതിനാല്‍ നീ ക്ഷമിക്കുക. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. നാം അവര്‍ക്കു വാഗ്ദാനം ചെയ്യുന്ന ശിക്ഷകളില്‍ ചിലത് നിന്നെ നാം കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അതിനു മുമ്പെ നിന്നെ നാം മരിപ്പിച്ചേക്കാം. ഏതായാലും അവര്‍ തിരിച്ചുവരിക നമ്മുടെ അടുത്തേക്കാണ്.

നിനക്കു മുമ്പ് നിരവധി ദൂതന്മാരെ നാം നിയോഗിച്ചിട്ടുണ്ട്. അവരില്‍ ചിലരുടെ ചരിത്രം നിനക്കു നാം വിവരിച്ചുതന്നിരിക്കുന്നു. വിവരിച്ചുതരാത്ത ചിലരുമുണ്ട്. ഒരു ദൈവദൂതന്നും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. അല്ലാഹുവിന്റെ കല്‍പന വന്നാല്‍ ന്യായമായ വിധിത്തീര്‍പ്പുണ്ടാവും. അതോടെ അസത്യവാദികള്‍ കൊടും നഷ്ടത്തിലകപ്പെടും.

നിങ്ങള്‍ക്കു കന്നുകാലികളെ സൃഷ്ടിച്ചുതന്നത് അല്ലാഹുവാണ്. അവയില്‍ ചിലത് നിങ്ങള്‍ക്കു സവാരി ചെയ്യാനാണ്. ചിലത് ആഹരിക്കാനും.

അവകൊണ്ട് നിങ്ങള്‍ക്ക് വളരെയേറെ പ്രയോജനമുണ്ട്. അവയിലൂടെ നിങ്ങളുടെ മനസ്സിലെ പല ആഗ്രഹങ്ങളും നിങ്ങള്‍ എത്തിപ്പിടിക്കുന്നു. അവയുടെ പുറത്തിരുന്നും കപ്പലുകളിലുമാണല്ലോ നിങ്ങള്‍ യാത്ര ചെയ്യുന്നത്.

അല്ലാഹു തന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കിതാ കാണിച്ചുതരുന്നു. എന്നിട്ടും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

അവര്‍ ഭൂമിയില്‍ സഞ്ചരിച്ച് അവരുടെ മുമ്പുണ്ടായിരുന്നവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കി മനസ്സിലാക്കിയിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ അംഗബലമുള്ളവരായിരുന്നു. കരുത്തുകൊണ്ടും ഭൂമിയില്‍ ശേഷിപ്പിച്ച പൈതൃകം കൊണ്ടും കൂടുതല്‍ പ്രബലരായിരുന്നു. എന്നിട്ടും അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.

അങ്ങനെ അവര്‍ക്കുള്ള ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്തു ചെന്നപ്പോള്‍ തങ്ങളുടെ വശമുള്ള വിജ്ഞാനംകൊണ്ട് അവര്‍ പുളകംകൊള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന ശിക്ഷ അവരെ ആവരണം ചെയ്തു.

നമ്മുടെ ശിക്ഷ നേരില്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളിതാ ഏകനായ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നു. അവനില്‍ പങ്കുചേര്‍ത്തിരുന്ന സകലതിനെയും ഞങ്ങളിതാ തള്ളിപ്പറയുന്നു."

എന്നാല്‍ നമ്മുടെ ശിക്ഷ കണ്ടുകഴിഞ്ഞ ശേഷമുള്ള വിശ്വാസം അവര്‍ക്കൊട്ടും ഉപകരിച്ചില്ല. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ചുപോന്ന നടപടിക്രമമാണിത്. അതോടെ സത്യനിഷേധികള്‍ കൊടിയ നഷ്ടത്തിലകപ്പെടുന്നു.
سورة غافر
معلومات السورة
الكتب
الفتاوى
الأقوال
التفسيرات

سورةُ (غافرٍ) من السُّوَر المكِّية، بُدِئت بعد حمدِ الله بإثبات صفةِ المغفرة له عزَّ وجلَّ، ولا تكون مغفرةٌ إلا عن عِزَّةٍ وعلم وقدرة، فأثبتت هذه السورة كثيرًا من صفاتِ الكمال لله عزَّ وجلَّ، كما أظهرت قُدْرتَه عزَّ وجلَّ على العقاب؛ فالله غافرُ الذَّنب وقابلُ التَّوب، لكنه شديدُ العقاب، كما جاءت السورةُ على حُجَجِ المشركين وأدحضَتْها، ودعَتْ إلى الإيمان بالله ورسوله صلى الله عليه وسلم؛ فالله ناصرٌ دِينَه، ومُعْلٍ كتابَه.

ترتيبها المصحفي
40
نوعها
مكية
ألفاظها
1226
ترتيب نزولها
60
العد المدني الأول
84
العد المدني الأخير
84
العد البصري
82
العد الكوفي
85
العد الشامي
86

* سورة (غافرٍ):

سُمِّيت سورةُ (غافرٍ) بهذا الاسم؛ لورود هذه الصفةِ لله في أوَّل السورة.

1. صفات الله تعالى (١-٣).

2. نشاط المشركين العقليُّ ضد الرسول صلى الله عليه وسلم (٤-٦).

3. إعانة المسلمين للتصدي للمشركين (٧-٩).

4. مصير المشركين، وندَمُهم (١٠-١٢).

5. صفاته تعالى، وإفراده بالعبادة (١٣-١٧).

6. يوم الفصل، وأحوالُ الناس فيه (١٨-٢٢).

7. صور من مسيرة الدعاة (٢٣-٢٧).

8. مؤمن آل فرعون (٢٨-٤٥).

9. حُجَجٌ تدعو إلى الإيمان (٢٨-٢٩).

10. نماذجُ تطبيقية (٣٠-٣٤).

11. حُجَج المشركين الداحضةُ (٣٥- ٣٧).

12. حُجَجٌ تستوجب التوبةَ والإيمان (٣٨-٤٥).

13. ندمُ المشركين على كفرهم، وعذابُهم (٤٥-٥٠).

14. عهدٌ من الله لنصرِ المؤمنين (٥١-٥٥).

15. أسباب تمسُّك المشركين بشِرْكِهم (٥٦-٥٩).

16. توجيه المؤمنين لتوثيق رأيِهم بالسُّنَن الكونية (٦٠- ٦٨).

17. وعيدٌ للمشركين بمصيرهم الأُخْروي (٦٩-٧٧).

18. وعد الرسول بالانتصار له، وضربُ الأمثلة من الواقع (٧٨-٨٥).

ينظر: "التفسير الموضوعي لسور القرآن الكريم" لمجموعة من العلماء (6 /530).

مقصودُها بيانُ اتصافِ الله عزَّ وجلَّ بالعِزَّة الكاملة والعلمِ الشامل، ومغفرتِه لمن يشاء من عباده؛ فإنه لا يَقدِر على غفران ما يشاء لكل من يشاء إلا كاملُ العِزَّة، ولا يَعلَم جميعَ الذُّنوب ليسمى غافرًا لها إلا بالغُ العلم.

ينظر: "مصاعد النظر للإشراف على مقاصد السور" للبقاعي (2 /435).